
കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ തുടർച്ചയായ ഇടിവ്. ദിവസങ്ങളായി തുടരുന്ന വിലക്കുറവ് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഇന്ന് സ്വർണം പവന് 520 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ (22 കാരറ്റ്) വില 1,14,560 രൂപയായി.
ഗ്രാമിന് 65 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് 14,320 രൂപ എന്ന നിരക്കിലാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമരിക്കുന്നത്. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 71 രൂപ കുറഞ്ഞ് 15,622 രൂപയിലും, 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 53 രൂപ കുറഞ്ഞ് 11,717 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സ്വർണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്നും 15 ശതമാനമായി കേന്ദ്ര സർക്കാർ ഉയർത്തിയതിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വർധനവാണ് ഈ മാസം ആദ്യം രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് ആഗോള വിപണിയിലെ വ്യതിയാനങ്ങളും രൂപയുടെ വിനിമയ നിരക്കിലെ മാറ്റങ്ങളും കാരണം വില പതുക്കെ താഴേക്ക് വരുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വർണവിലയിൽ ഗണ്യമായ കുറവുണ്ടായത് വരും ദിവസങ്ങളിൽ വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്നവർക്ക് വലിയ ആശ്വാസമാണ്.
