
ന്യൂഡൽഹി/തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ അദ്ദേഹം കടുത്ത അതൃപ്തിയിലാണെന്നാണ് സൂചന.
ഹൈക്കമാൻഡുമായി ചർച്ചകൾ നടത്താൻ ഡൽഹിയിലെത്തിയ ചെന്നിത്തല തന്റെ നിലപാട് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. പ്രതിപക്ഷ നേതാവായും കെപിസിസി പ്രസിഡന്റായും പ്രവർത്തിച്ച തന്റെ സീനിയോറിറ്റിയും പാർട്ടിക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളും അവഗണിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് അദ്ദേഹം. പുതുമുഖങ്ങൾക്കും യുവാക്കൾക്കും മുൻഗണന നൽകണമെന്ന വാദമുയർത്തി വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവരുടെ പേരുകൾ സജീവമായി ചർച്ച ചെയ്യപ്പെടുന്നതാണ് ചെന്നിത്തലയെ ചൊടിപ്പിച്ചത്.
താൻ തഴയപ്പെടുന്നത് അണികൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്ന് അദ്ദേഹം ഹൈക്കമാൻഡിനെ ധരിപ്പിച്ചു. എന്നാൽ, മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ പുതിയൊരു നേതൃനിര വരണമെന്ന താല്പര്യത്തിലാണ് കേന്ദ്ര നേതൃത്വത്തിലെ ഒരു വിഭാഗം. ചെന്നിത്തലയെ അനുനയിപ്പിക്കാൻ സുപ്രധാന വകുപ്പോടെയുള്ള മന്ത്രിസ്ഥാനമോ അതല്ലെങ്കിൽ ദേശീയ തലത്തിൽ വലിയ ഉത്തരവാദിത്തങ്ങളോ നൽകാൻ ഹൈക്കമാൻഡ് ആലോചിക്കുന്നുണ്ട്. വരും മണിക്കൂറുകളിൽ ഡൽഹിയിൽ നടക്കുന്ന ചർച്ചകൾ കേരളത്തിന്റെ ഭാവി ഭരണനേതൃത്വത്തിൽ നിർണ്ണായകമാകും.
