
കൊച്ചി: സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥനയും, പിന്നാലെ ഇറക്കുമതിച്ചുങ്കം കുത്തനെ കൂട്ടിയ കേന്ദ്രസർക്കാർ നടപടിയും സ്വർണവിപണിയിൽ വലിയ പ്രതിഫലനമുണ്ടാക്കുന്നു. വ്യാപാരി സംഘടനകളുടെ കണക്കുകൾ പ്രകാരം ദേശീയതലത്തിൽ സ്വർണ ഡിമാൻഡിൽ 70 ശതമാനത്തിന്റെ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇറക്കുമതിച്ചുങ്കം വർധിപ്പിച്ച മേയ് 13 മുതൽ മേയ് 27 വരെയുള്ള കാലയളവിൽ രാജ്യത്തെ സ്വർണ ഡിമാൻഡ് 7.5 ടണ്ണിലേക്ക് താഴ്ന്നു. മുൻവർഷം ഇതേ കാലയളവിൽ ഇത് 25 ടൺ ആയിരുന്നു.
ഇറക്കുമതിച്ചുങ്കം 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയതോടെ, 3 ശതമാനം ജിഎസ്ടിയും കൂടിച്ചേർത്ത് രാജ്യത്ത് ആകെ സ്വർണനികുതി 9.18 ശതമാനത്തിൽ നിന്നും 18.45 ശതമാനമായി കുതിച്ചുയർന്നു. വിലക്കയറ്റവും വൻ നികുതിവർധനയും വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്.
ഇന്ത്യയിലെ മൊത്തം സ്വർണ ഉപഭോഗത്തിന്റെ 25 ശതമാനവും നടക്കുന്ന കേരളത്തിലും ഇതിന്റെ ആഘാതം വലുതാണ്. പ്രതിവർഷം ശരാശരി ഒരു ലക്ഷം കോടി രൂപയുടെ സ്വർണാഭരണ കച്ചവടം നടക്കുന്ന സംസ്ഥാനത്ത്, നിലവിൽ കച്ചവടം മുൻവർഷത്തെ അപേക്ഷിച്ച് 30-40 ശതമാനത്തിലേക്ക് ചുരുങ്ങിയെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) സംസ്ഥാന ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസർ വ്യക്തമാക്കി. പ്രമുഖ ജ്വല്ലറികളുടെ കണക്കനുസരിച്ച് സംസ്ഥാനത്തെ കച്ചവടത്തിൽ 35 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.
എന്നാൽ, ഡിമാൻഡിനെ ഈ പ്രതിസന്ധി പൂർണ്ണമായി ബാധിച്ചിട്ടില്ലെന്നും, വില ഉയർന്നതിനാൽ ആളുകൾ വാങ്ങുന്ന സ്വർണത്തിന്റെ അളവിൽ (തൂക്കത്തിൽ) മാത്രമാണ് കുറവുണ്ടായതെന്നും ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ. ബി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
വിദേശനാണ്യ ശേഖരം സംരക്ഷിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് യോജിക്കുന്നുണ്ടെങ്കിലും, നിയമാനുസൃതമായി കച്ചവടം ചെയ്യുന്നവരെ തളർത്തുന്ന നടപടികൾ ഒഴിവാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു. രാജ്യത്തെ വീടുകളിൽ ഉപയോഗശൂന്യമായി കിടക്കുന്ന ഏകദേശം 30,000 ടൺ സ്വർണം പുനരുപയോഗത്തിനായി (ഗോൾഡ് റീസൈക്ലിങ്) വിപണിയിലെത്തിക്കാനുള്ള പദ്ധതികൾ കേന്ദ്രം ആവിഷ്കരിക്കണമെന്നും, അല്ലാത്തപക്ഷം ഇത് കള്ളക്കടത്തിന് വഴിവെക്കുമെന്നും വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു.
