
ബെയ്ജിങ്: അമേരിക്കൻ ആക്രമണങ്ങളെ നേരിടാനും ശക്തമായ തിരിച്ചടി നൽകാനും ലക്ഷ്യമിട്ട് ചൈന അതിവിശാലമായ പുതിയ സൈനിക സമുച്ചയം നിർമിക്കുന്നതായി റിപ്പോർട്ട്.
വടക്കുപടിഞ്ഞാറൻ ചൈനയിലെ സിൻജിയാങ് (Xinjiang) പ്രവിശ്യയിലെ മരുഭൂമിയിൽ നിർമിക്കുന്ന ഈ സൈനിക കേന്ദ്രത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഹമി (Hami) ആണവ മിസൈൽ വിക്ഷേപണ കേന്ദ്രത്തിന് സമീപമാണ് പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
പുറത്തുവന്ന ഉപഗ്രഹ ദൃശ്യങ്ങൾ പ്രകാരം, എൺപതിലധികം കോൺക്രീറ്റ് ലോഞ്ച് പാഡുകളും അഷ്ടഭുജാകൃതിയിലുള്ള (Octagon-shaped) രണ്ട് കൂറ്റൻ സൈനിക കേന്ദ്രങ്ങളും ഇവിടെ നിർമിച്ചിട്ടുണ്ട്. ശത്രുക്കളുടെ പെട്ടെന്നുള്ള ആണവാക്രമണങ്ങളെ അതിജീവിക്കാനും, മിസൈലുകൾക്ക് സുരക്ഷയൊരുക്കാനും, തൽക്ഷണം തിരിച്ചടിക്കാനും (Second-strike capability) ലക്ഷ്യമിട്ടാണ് ഈ നീക്കം. പ്രധാന ആണവ കേന്ദ്രത്തിൽ നിന്ന് 140 മുതൽ 230 കിലോമീറ്റർ വരെ ദൂരത്തിലാണ് പുതിയ സമുച്ചയങ്ങൾ സ്ഥിതി ചെയ്യുന്നത്. ബങ്കറുകൾ, ആയുധപ്പുരകൾ, സൈനികർക്കുള്ള താമസസൗകര്യം എന്നിവയ്ക്ക് പുറമെ ഇവയെ ബന്ധിപ്പിക്കുന്ന റോഡുകളും ഭൂഗർഭ കേബിളുകളും ഇവിടെയുണ്ട്.
മൊബൈൽ ബാലിസ്റ്റിക് മിസൈലുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ഇലക്ട്രോണിക് യുദ്ധോപകരണങ്ങൾ എന്നിവ വിന്യസിക്കാനാണ് ഈ ലോഞ്ച് പാഡുകൾ ഉപയോഗിക്കുകയെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ. അമേരിക്കയും റഷ്യയും ഉൾപ്പെടെയുള്ള വൻശക്തികളെപ്പോലും അമ്പരപ്പിക്കുന്ന രീതിയിലാണ് ചൈനയുടെ ഈ പ്രതിരോധ മുന്നേറ്റം. തായ്‌വാൻ വിഷയത്തിലടക്കം അമേരിക്കയുമായുള്ള ശീതയുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ, ചൈനയുടെ ഈ സൈനിക വിപുലീകരണം ആഗോളതലത്തിൽ തന്നെ വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്.
