
ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗ് എടുത്ത നിർണ്ണായക തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ. ഇന്നിങ്സിലെ 18-ാം ഓവർ എറിയാൻ ഡോണോവൻ ഫെരേരയെ ഏൽപ്പിച്ച പരാഗിന്റെ നടപടിയെ 'ആത്മഹത്യാപരം' എന്നാണ് ഗവാസ്കർ വിശേഷിപ്പിച്ചത്. ഈ ഒരൊറ്റ ഓവറാണ് മത്സരത്തിന്റെ ഗതിമാറ്റിയതെന്നും രാജസ്ഥാന്റെ പരാജയത്തിന് കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് അവസാന മൂന്ന് ഓവറിൽ 35 റൺസായിരുന്നു വേണ്ടിയിരുന്നത്. ഈ നിർണ്ണായക ഘട്ടത്തിലാണ് പരാഗ് പന്ത് ഫെരേരയ്ക്ക് നൽകിയത്. ഈ ഓവറിൽ രണ്ട് സിക്സറുകൾ ഉൾപ്പെടെ 16 റൺസാണ് ഡൽഹി അടിച്ചെടുത്തത്. ഇതോടെ ഡൽഹിയുടെ വിജയം എളുപ്പമാകുകയും രാജസ്ഥാൻ തുടർച്ചയായ മൂന്നാം തോൽവി വഴങ്ങുകയും ചെയ്തു.
സ്പിന്നർമാർക്ക് യാതൊരു അനുകൂല്യവും ലഭിക്കാത്ത പിച്ചിൽ, മത്സരത്തിൽ ഒരു ഓവർ പോലും എറിയാത്ത ഫെരേരയെ പന്തേൽപ്പിച്ചത് വലിയ മണ്ടത്തരമാണെന്ന് ഗവാസ്കർ പറഞ്ഞു. "ബാറ്റിംഗിൽ ഗോൾഡൻ ഡക്കായ താരമാണ് ഫെരേര. അയാളുടെ ആത്മവിശ്വാസം തീർത്തും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിൽ ആ താരത്തെ തന്നെ ഇത്രയും സമ്മർദ്ദമുള്ള ഓവർ ഏൽപ്പിച്ചത് ശരിയായില്ല. ഒരു പ്രധാന ബൗളറെക്കൊണ്ട് തന്നെ ആ ഓവർ എറിയിക്കണമായിരുന്നു," ഗവാസ്കർ വ്യക്തമാക്കി. ബാറ്റിംഗിൽ ധ്രുവ് ജുറേലും റിയാൻ പരാഗും തിളങ്ങിയെങ്കിലും, മിച്ചൽ സ്റ്റാർക്കിന്റെ മികച്ച ബൗളിംഗ് പ്രകടനമാണ് രാജസ്ഥാനെ കൂറ്റൻ സ്കോറിൽ എത്തുന്നതിൽ നിന്ന് തടഞ്ഞത്. പ്രതിസന്ധി ഘട്ടങ്ങളിൽ ഒരു ക്യാപ്റ്റൻ കാണിക്കേണ്ട പക്വത പരാഗിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
