
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിട്ടും ഇന്ത്യയിൽ ഇന്ധനവില വർധിപ്പിക്കാതിരുന്നതിലൂടെ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ഇതുവരെയുണ്ടായത് 30,000 കോടി രൂപയുടെ വൻ നഷ്ടം. ഇന്ത്യൻ ഓയിൽ (IOC), ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL) എന്നീ കമ്പനികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി അവസാനം ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയും, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തതോടെയാണ് ആഗോള എണ്ണവിപണിയിൽ വൻ പ്രതിസന്ധി ഉടലെടുത്തത്. 70 ഡോളറിലായിരുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ വില ഒരു ഘട്ടത്തിൽ 140 ഡോളറിനടുത്ത് വരെ എത്തുകയും നിലവിൽ 120 ഡോളറിന് മുകളിൽ തുടരുകയുമാണ്.
ക്രൂഡ് ഓയിൽ വിലയിൽ 50 ശതമാനത്തിലധികം വർധനവുണ്ടായിട്ടും ഇന്ത്യയിൽ പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ കമ്പനികൾ വർധിപ്പിച്ചിരുന്നില്ല. ഏപ്രിൽ മാസത്തിൽ മാത്രം പ്രതിദിനം 600 മുതൽ 700 കോടി രൂപ വരെയാണ് എണ്ണക്കമ്പനികൾക്ക് നഷ്ടമുണ്ടായത്. പെട്രോളിന് ലീറ്ററിന് 18 രൂപയും ഡീസലിന് 25 രൂപയുമായിരുന്നു കമ്പനികൾക്ക് സഹിക്കേണ്ടി വന്ന ബാധ്യത. പ്രതിസന്ധി രൂക്ഷമായപ്പോൾ കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വൻതോതിൽ കുറച്ചിരുന്നു. ഇതൊന്നു കൊണ്ടുമാത്രമാണ് നഷ്ടം 62,500 കോടി രൂപയിലേക്ക് എത്താതിരുന്നത്.
ജപ്പാൻ, യുകെ തുടങ്ങി ഒട്ടുമിക്ക വികസിത രാജ്യങ്ങളിലും ഇന്ധനവില 30 ശതമാനത്തോളം വർധിച്ചപ്പോഴും ഇന്ത്യ വില പിടിച്ചുനിർത്തുകയായിരുന്നു. എന്നാൽ ഈ ബാധ്യത ഇനിയും മുന്നോട്ട് കൊണ്ടുപോകാൻ കമ്പനികൾക്ക് സാധിക്കില്ലെന്നാണ് വിലയിരുത്തൽ. അതിനാൽ തന്നെ മെയ് പകുതിയോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ലീറ്ററിന് 4 മുതൽ 5 രൂപ വരെയും, പാചകവാതക സിലിണ്ടറിന് 40 മുതൽ 50 രൂപ വരെയും വർധനവ് ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
