Newsonlive
MoviesML

കഴിഞ്ഞ 13 വർഷമായി ജോർജുകുട്ടി ജീവിക്കുന്നത് നരകത്തിൽ; ഈ ഓട്ടത്തിന് ഒരവസാനം വേണം': ദൃശ്യം 3 വിശേഷങ്ങളുമായി മോഹൻലാലും ജീത്തു ജോസഫും

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 3' എന്ന ചിത്രത്തിലെ ജോർജുകുട്ടിയുടെ മാനസികാവസ്ഥയെക്കുറിച്ച്

E
Published: 9 May 2026
കഴിഞ്ഞ 13 വർഷമായി ജോർജുകുട്ടി ജീവിക്കുന്നത് നരകത്തിൽ; ഈ ഓട്ടത്തിന് ഒരവസാനം വേണം': ദൃശ്യം 3 വിശേഷങ്ങളുമായി മോഹൻലാലും ജീത്തു ജോസഫും

കൊച്ചി: പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 3' എന്ന ചിത്രത്തിലെ ജോർജുകുട്ടിയുടെ മാനസികാവസ്ഥയെക്കുറിച്ച് മനസ്സ് തുറന്ന് നടൻ മോഹൻലാൽ. തന്റെ ജന്മദിനമായ മേയ് 21-ന് ലോകമെമ്പാടും റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംവിധായകൻ ജീത്തു ജോസഫിനൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ജോർജുകുട്ടി ഒരു ക്രിമിനലല്ല, അയാൾ തന്റെ കുടുംബത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു സാധാരണക്കാരൻ മാത്രമാണ്. എന്നാൽ കഴിഞ്ഞ 13 വർഷമായി അയാൾ ഒരു നരകത്തിലാണ് ജീവിക്കുന്നത്. കുറ്റബോധം എന്നത് ഒരാളെ എപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരു നിഴൽ പോലെയാണ്," മോഹൻലാൽ പറഞ്ഞു. മക്കൾ വളർന്നുവെന്നും അവർ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയെന്നും വ്യക്തമാക്കിയ അദ്ദേഹം, ജോർജുകുട്ടി ഇപ്പോൾ കൂടുതൽ ഫിലോസഫിക്കലായി ചിന്തിക്കുന്ന ഒരു 'ഇവോൾവ്ഡ് സോൾ' (Evolved soul) ആയി മാറിയെന്നും കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ ജോർജുകുട്ടിയുടെ ഈ ഓട്ടത്തിന് ഒരവസാനം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

'ദൃശ്യം 3' കേവലം ഒരു ട്വിസ്റ്റ് സിനിമ എന്നതിലുപരിയായി രണ്ട് കുടുംബങ്ങൾ തമ്മിലുള്ള വൈകാരിക പോരാട്ടമാണെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു. ജോർജ്കുട്ടിയുടെ പ്രതികരണങ്ങളും അവന്റെ വളർന്നുവരുന്ന മാനസിക സംഘർഷങ്ങളുമാണ് ഈ സിനിമയുടെ കാതൽ.

ചിത്രത്തിലെ പുതിയ കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അണിയറപ്രവർത്തകർ പങ്കുവെച്ചു. ദൃശ്യത്തിന്റെ ആദ്യഭാഗത്ത് പ്രേക്ഷകരെ ഏറെ അമ്പരപ്പിച്ച കലാഭവൻ ഷാജോൺ അവതരിപ്പിച്ച സഹദേവൻ എന്ന കഥാപാത്രം മൂന്നാം ഭാഗത്തിലും തിരിച്ചെത്തുന്നുണ്ട്. എന്നാൽ ഈ ഭാഗത്തിൽ സഹദേവൻ പൊലീസ് സേനയുടെ ഭാഗമായിരിക്കില്ലെന്ന് സംവിധായകൻ വ്യക്തമാക്കി. കൂടാതെ, ജോർജുകുട്ടിയുടെ ജീവിതത്തിലേക്ക് നിർണ്ണായകമായ ഒരന്വേഷണം നടത്തുന്ന ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് ആയി നടി വീണ നന്ദകുമാറും ചിത്രത്തിൽ എത്തുന്നുണ്ട്.

സെൻസർ ബോർഡിൽ നിന്നും യു/എ 13+ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഈ പരമ്പരയിലെ അവസാനത്തേതായിരിക്കുമെന്നാണ് സൂചന.